ഈ കാറ്റെന്റേതല്ല
മറ്റാരുടെയോ.
ആരുടെയോ വെയില്‍,
തണുപ്പ്, ദൂരപ്പരപ്പ്.
യാദൃശ്ചികം, ഈ
കോട്ടയ്ക്ക് മുകളിലെ നില്പ്.
കാല്‍ വിറയ്ക്കുന്നു,
അപ്പുറം കടല്‍നീല
ഇപ്പുറം തടവറക്കറുപ്പ് .
കടലുന്നമായ് പീരങ്കികള്‍ .
അവയ്ക്ക്മേല്‍ ചെറു പൂക്കള്‍
വിരിഞ്ഞു നില്‍ക്കുന്നു.
കല്ലില്‍, വളര്‍ന്ന പുല്ലില്‍
ചുവന്ന്‍ പൂവുകള്‍.
ഇപ്പോള്‍ തെറിച്ച പോല്‍
വിടര്‍ന്ന്‍ നില്‍ക്കുന്നു.
കരിങ്കല്ലില്‍ തല്ലിയലച്ച്
ചിതറുന്നു കാഴ്ചകള്‍.
ചുറ്റിലും ഒരു കാലം
നീലിച്ച് കിടക്കുന്നു.
ഒരു തടവറയെപ്പോഴും
കൂടെ നടക്കുന്നു.
പഴയ പീരങ്കിയില്‍
പുതിയ ചോര മണക്കുന്നു.